Skip to main content

ഇസ്‌ലാമിന്റെ വസ്ത്രധാരണ രീതി


ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ മറക്കാന്‍ കല്‍പ്പിക്കുന്നതോടൊപ്പം മനുഷ്യരില്‍ സുരക്ഷിതത്വവും തെറ്റില്‍ നിന്നുളള അകല്‍ച്ചയും ഉണ്ടാക്കിയെടുക്കുന്നതാണ് ഇസ്‌ലാമിന്റെ വസ്ത്രധാരണ രീതി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവരവരുടെ ശാരീരിക, വൈകാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം വസ്ത്രധാരണ രീതിയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. പുരുഷന്‍ മുട്ട്പൊക്കിളുകള്‍ക്കിടയിലുളള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറയുന്ന വിധത്തിലും സ്ത്രീകള്‍ (പുറത്തിറങ്ങമ്പോള്‍) ശരീരം മുഴുവനും മറയുന്ന വിധത്തിലുമാണ് വസ്ത്രധാരണ നടത്തേണ്ടത്. രണ്ട് കൂട്ടരും ധരിക്കുന്ന വസ്ത്രങ്ങള്‍ കൂടുതല്‍ ഇടുങ്ങിയതോ, തൊലിയുടെ നിറം പ്രകടമാക്കുന്നതോ, വൈകാരികമായി ആകര്‍ഷണമുണ്ടാക്കുന്നതോ ആവാന്‍ പാടില്ല. അത്‌പോലെ അമുസ്‌ലിംകള്‍ മാത്രം പിന്തുടരുന്ന വസ്ത്രരീതി സ്വീകരിക്കുന്നതും പുരുഷന്‍ സ്ത്രീയുടെ വേഷം ധരിക്കുന്നതും സ്ത്രി പുരുഷന്റെ വേഷം ധരിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഏത് തരത്തിലുളള വസ്ത്രങ്ങള്‍ ആവാമെങ്കിലും വൃത്തിയുളള വസ്ത്രങ്ങള്‍ക്കും വെളുത്ത നിറത്തിലുളള വസ്ത്രങ്ങള്‍ക്കും ഇസ്‌ലാമില്‍ പ്രത്യേകം സ്ഥാനമുണ്ട്.പ്രവാചകരും സ്വഹാബത്തും തലമറക്കുന്നത് പതിവാക്കിയിരുന്നതിനാല്‍ ആ സുന്നത്തും നഷ്ടപ്പെടുത്താതിരിക്കുക. വസ്ത്രധാരണയുമായി ബന്ധപ്പെട്ട പ്രധാന ഹദീസുകള്‍ ചേര്‍ക്കുന്നു.
നിങ്ങള്‍ ചെരിപ്പ് ധരിക്കുമ്പോള്‍ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത് അവര്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം.
വല്ലവനും പട്ട് ദുന്‍യാവില്‍ ധരിച്ചാല്‍ പരലോകത്ത് അതില്‍ നിന്ന് അല്‍പം പോലും അവന്‍ ധരിക്കുകയില്ല.
അഞ്ച് കാര്യങ്ങള്‍ പ്രകൃതിയില്‍പെട്ടതാണ്. ചേലാകര്‍മ്മം, ഗുഹ്യസ്ഥാനത്തെ മുടികളയല്‍, കക്ഷത്തെ മുടി നീക്കല്‍, നഖം മുറിക്കല്‍, മീശവെട്ടല്‍.
നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക.
നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളിലുത്തമം. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ അതുകൊണ്ട് കഫനും ചെയ്യുകമുസല്‍മാന്റെ മുണ്ട് തണ്ടങ്കാല്‍ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് താഴ്ന്നുകിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് (ഞെരിയാണിക്കു താഴെ) വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുകപോലുമില്ല.
 ഒരിക്കല്‍ വലതുകയ്യില്‍ പട്ടും ഇടതുകയ്യില്‍ സ്വര്‍ണ്ണവും എടുത്തുവെച്ചുകൊണ്ട് നബി(സ) പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. അനസ്(റ) നിവേദനം: നബി(സ)യുടെ മോതിരം വെളളിയായിരുന്നു. അതിന്റെ മോതിരക്കല്ലും അപ്രകാരം തന്നെ വെളളിയായിരുന്നു.
 മുടിയുടെ ചില ഭാഗങ്ങള്‍ മാത്രം മുറിക്കുകയും ചില ഭാഗങ്ങള്‍ ബാക്കിവെക്കുന്നതിനെയും പ്രവാചകന്‍ (സ)നിരോധിച്ചിട്ടുണ്ട് (ബുഖാരി). ഒരിക്കല്‍, ഒരു കുട്ടിയുടെ മുടിയുടെ ചില ഭാഗങ്ങള്‍ മാത്രം നീക്കിയതായി പ്രവാചകരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു : ഒന്നുകില്‍ മുടി മുഴുവനായും നീക്കി കളയുക അല്ലെങ്കില്‍ പൂര്‍ണമായും നില നിര്‍ത്തുക ( അബൂ ദാവൂദ്)

Comments